10:08am 11 November 2026
NEWS
എംഎസ്‌സി എൽസ 3 കപ്പൽച്ചേതം: നഷ്ടപരിഹാര ക്ലെയിം നടപടിക്രമങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികൾ
19/09/2025  01:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എംഎസ്‌സി എൽസ 3 കപ്പൽച്ചേതം: നഷ്ടപരിഹാര ക്ലെയിം നടപടിക്രമങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികൾ

കൊച്ചി, 2025 സെപ്റ്റംബർ 19: എംഎസ്‌സി എൽസ 3 കപ്പൽച്ചേതത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് ശക്തവും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ക്ലെയിം നടപടിക്രമങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള സർക്കാരിനോട് മത്സ്യത്തൊഴിലാളികൾ, കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ (കെഎസ്എംടിഎഫ്), ഗ്രീൻപീസ് ഇന്ത്യ എന്നിവ ഇന്നലെ കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതിനകം തന്നെ ദുരന്തത്തെത്തുടർന്ന് പ്രതിസന്ധിയിലായ തീരദേശ കുടുംബങ്ങളെ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ നിന്ന് കൂടി ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും സംഘടനാ പ്രതിനിധികൾ പങ്കുവെച്ചു.

തിരുവനന്തപുരത്തെ പുല്ലുവിളയിൽ മത്സ്യബന്ധനം കൊണ്ട് ഉപജീവനം നയിക്കുന്ന വിഭാഗങ്ങളിലുണ്ടായ ദുരന്തത്തിന്റെ ഗുരുതരമായ പ്രത്യാഘാതം വെളിപ്പെടുത്തുന്ന റിപ്പോർട്ടായ "തകർന്ന ഭാവി; എംഎസ്‌സി എൽസ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ” എന്ന റിപ്പോർട്ട് പുറത്തിറക്കിയ സാഹചര്യത്തിൽ ഈ ആവശ്യം കൂടുതൽ ശക്തമായിട്ടുണ്ട്. കരുംകുളം ഗ്രാമപഞ്ചായത്തും കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറവും (സിഎസ്‌സിഎഫ്) ചേർന്ന് തയ്യാറാക്കിയ ഗ്രീൻപീസ് ഇന്ത്യ റിപ്പോർട്ട് നഷ്ടപ്പെട്ട വരുമാനം, കേടുപാട് സംഭവിച്ച വലകൾ, തകർന്നുകൊണ്ടിരിക്കുന്ന മത്സ്യവിപണി എന്നിവ കുടുംബങ്ങളെ എത്രമാത്രം കടബാധ്യതയിലും മാനസിക സമ്മർദ്ദത്തിലും  എത്തിച്ചിരിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു.

96 ശതമാനത്തിലധികം ആളുകളും പ്രത്യക്ഷമായോ പരോക്ഷമായോ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന ഒരു മത്സ്യബന്ധന ഗ്രാമത്തിൽ ആസ്തി നഷ്ടം 50 ലക്ഷം രൂപ കവിയുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിദിനം 3,000 രൂപ സമ്പാദിച്ചിരുന്ന മത്സ്യവിൽപ്പനക്കാരായ സ്ത്രീകൾക്ക് മലിനീകരണ ആശങ്കയെത്തുടർന്ന് മീൻ കച്ചവടത്തിൽ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. കപ്പൽച്ചേതത്തിന് ശേഷം പ്രദേശത്തെ മത്സ്യബന്ധന കുടുംബങ്ങൾക്ക് പ്രതിമാസം 25,000 മുതൽ 35,000 രൂപയുടെ വരെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറുകിട ബോട്ടുടമകൾ മുതൽ മത്സ്യ വിൽപ്പനക്കാർ വരെയുള്ളവർ കപ്പൽച്ചേതത്തിന്റെ ഫലമായുണ്ടായ പ്രത്യാഘാതങ്ങൾക്ക് ഇരകളാണ്. അവരിൽ ഭൂരിഭാഗത്തിനും ബന്ധപ്പെട്ട അധികാരികളുടെ പിന്തുണ ലഭിക്കാത്തതിനാൽ ദുരന്തവുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാനാകാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നു. ഇത് കുടുംബങ്ങളെ കൂടുതൽ കടബാധ്യതകളിലേക്ക് തള്ളിവിട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

"മിക്ക കുടുംബങ്ങൾക്കും ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ച് മതിയായ ധാരണയില്ല. ഞങ്ങളുടെ ടൺ കണക്കിന് കീറിയ വലകളും കേടായ എഞ്ചിനുകളും മാത്രമാണ് ഞങ്ങളുടെ ഏക തെളിവ്. ദുരിതബാധിതർക്ക് തങ്ങളുടെ നാശനഷ്ടങ്ങളുടെ കണക്കുകൾ വെളിപ്പെടുത്താനും നഷ്ടപ്പെട്ട ഉപജീവനമാർഗ്ഗങ്ങൾ വീണ്ടെടുക്കാനും ഉദ്യോഗസ്ഥ തലത്തിലുള്ള പിന്തുണ സർക്കാർ ഉറപ്പാക്കണം. ന്യായമായതും ആക്സസ് ചെയ്യാവുന്നതുമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഏക മാർഗം സംസ്ഥാന സർക്കാരിന്റെ ഇടപെടലും ശക്തമായ നടപടികളുമാണ്. ദുരന്തബാധിത സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുന്നതോ കുറഞ്ഞ നഷ്ടപരിഹാരം ലഭിക്കുന്നതോ ആയ ഏതൊരു ഒത്തുതീർപ്പും തികഞ്ഞ അനീതിയാകും." കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ പറഞ്ഞു.

കപ്പൽച്ചേതത്തിന്റെ ഫലമായുണ്ടായ പ്രതിസന്ധി മത്സ്യബന്ധനം ഉപജീവനമാക്കിയ പലരെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. "കപ്പൽച്ചേതത്തിന് ശേഷം ഏകദേശം രണ്ടാഴ്ചയായി എനിക്ക് കടലിൽ പോകാനായില്ല. അതോടെ കടങ്ങൾ കുന്നുകൂടാൻ തുടങ്ങി.  എന്റെ 2000 കിലോ വലകൾ  നന്നാക്കുന്നതിന് എനിക്ക് ഏകദേശം 25 ലക്ഷം രൂപയാണ്  ആവശ്യമായി വരുന്നത്" തിരുവനന്തപുരം വർക്കലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളിയായ ഫസിലുദ്ദീൻ പറഞ്ഞു. അദ്ദേഹം നേരത്തെ ഷിപ്പിംഗ് കമ്പനിയായ എം‌എസ്‌സിയിൽ അവരുടെ നോഡൽ ഓഫീസർമാർ വഴി ഒരു ക്ലെയിം ഫയൽ ചെയ്യുകയും ഇ-മെയിൽ ഐഡി നൽകുകയും ചെയ്തിരുന്നു.

"സംസ്ഥാനം ഇതിനകം തന്നെ കോടതിയിൽ 9532 കോടി രൂപയുടെ നാശനഷ്ടം ക്ലെയിം ചെയ്തിരുന്നു. എന്നിരുന്നാലും, വ്യക്തിഗത ക്ലെയിമുകൾ പ്രോത്സാഹിപ്പിക്കുന്നതിനും നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും, തെളിവുകൾ ഹാജരാക്കുന്നതിന് പ്രത്യേക പിന്തുണയോടെ വികേന്ദ്രീകൃതവും സുതാര്യവും സമഗ്രവുമായ ഒരു ക്ലെയിം പ്രക്രിയയിലൂടെ സംസ്ഥാനം പ്രാദേശിക ഫിഷറീസ് ഓഫീസുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സജ്ജമാക്കണം," ഗ്രീൻപീസ് ഇന്ത്യയിലെ ക്ലൈമറ്റ് ക്യാംപെയ്നറായ അമൃത എസ്‌എൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img